പത്തനംതിട്ട: അനിലും ചാണ്ടിയും തനിക്ക് ഒരു പോലെയെന്നും എന്നാൽ അനിൽ ആൻറണിയുടെ രാഷ്ട്രീയ നിലപാടിൽ തനിയ്ക്ക് വിയോജിപ്പാണെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ.അനിലിൻറെ ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ല. അനിൽ ആന്റണിയോട് എനിക്ക് അമ്മ മനസാണ്.തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ആൻറോ ആൻറണി ജയിക്കണമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
അതെസമയം ഉമ്മൻചാണ്ടിയുടെ മക്കൾക്ക് കൊക്കിൽ ശ്വാസമുള്ളിടത്തോളം കാലം ബി.ജെ.പിയിലേക്ക് പോകാൻ പറ്റില്ലെന്നും മറിയാമ്മ വ്യക്തമാക്കി.ഒരു നിമിഷം പോലും അവർക്ക് ബിജെപിയിൽ പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല.ഉമ്മൻചാണ്ടിയുടെ മുത്തച്ഛൻ എം.എൽ.സിയായിരുന്നു.പിതൃസഹോദരി അമ്മിണി തോമസ് പഞ്ചായത്ത് പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടികാട്ടി.
രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി മൂന്നാം തലമുറക്കാരനും ചാണ്ടി ഉമ്മൻ നാലാം തലമുറക്കാരനുമാണ്. സ്വഭാവത്തിലും ലാളിത്വത്തിലും ആളുകളെ ചേർത്ത് പിടിക്കുന്നതിനും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാണ് ചാണ്ടിയെന്നും മറിയാമ്മ കൂട്ടിച്ചേർത്തു.അഹിംസ മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന കോൺഗ്രസിനെയും ഗാന്ധിജിയെയും നമ്മുക്ക് ഓർക്കാതിരിക്കാൻ സാധിക്കില്ല. കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാർ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളൂടെ രാജ്യത്തെ പട്ടിണിക്കും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.