കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുംബൈ സ്വദേശിയായ മോഷ്ടാവ്, ഇന്നലെ പുലർച്ചെ മോഷണം നടത്തിയ ശേഷം മുംബൈയിലേക്കു മടങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.
മഹാരാഷ്ട്ര രെജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ നിന്നും പിടിയിലായത്. വാഹനത്തിൻറെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിന് കൈമാറിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെത്തി. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം. പ്രതിയെ കണ്ടെത്തിയ വിവരത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു.
ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ പ്രാദേശിക സഹായം എന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടാവിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്.