കൊച്ചി: മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപ്. ഈ മേഖലയിലെ കടിഞ്ഞാൺ കൈക്കലാക്കിയ ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പാണ് 2017 വരെ മലയാള സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവർ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അമ്മ ഉൾപ്പെടെ തിയേറ്റർ സംഘടനകൾ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ദിലീപിന്റെ കൂടെ ചേർന്ന് നിന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകൻ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ദിലീപിന്റെ സമ്മർദത്തിലുണ്ടായിട്ടുണ്ട്.
വിനയന്റെ പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മുതൽ പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയതും ദിലീപാണ്. ദിലീപ് മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ഭാവന നേരിട്ട് പരാതി നൽകിയെന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. എന്നാൽ പരാതികൾ ലഭിച്ചിട്ടും അമ്മ പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങിയവരെ പൂർണമായി മാറ്റിനിർത്തി. ഡബ്ല്യുസിസി അംഗങ്ങളെയടക്കം മാറ്റിനിർത്തി.
ഒരു വ്യക്തിയെ മേഖലയിൽ നിന്നും വിലക്കാൻ ഗുരുതരമായ കാരണങ്ങളൊന്നും ആവശ്യമില്ലായെന്നതാണ് വിചിത്രമായ കാര്യം. ചെറിയ കാര്യത്തിനാണെങ്കിൽ പോലും പവർഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിർത്താൽ അവർ വിലക്ക് നേരിടും. പവർഗ്രൂപ്പിലെ ആർക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാൽ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തിൽ പവർഗ്രൂപ്പിലെ ആളുകൾ കൈകോർക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയിൽ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.