കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വീണ്ടും കുരുക്ക് മുറുകുന്നു. കേസില്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ആരോപിക്കപ്പെട്ട സംഭവമായിരുന്നു മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ഇപ്പോഴിതാ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹര്‍ജിയിലുണ്ട്.
കേസില്‍ നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അതിജീവിതയ്ക്കു കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം നടത്തിയ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ് വന്നത്. ജനുവരി തുടക്കത്തിലാണ് ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
റിപ്പോര്‍ട്ട് രഹസ്യരേഖയായി സൂക്ഷിക്കണമെന്ന് കേസിലെ എട്ടാം പ്രതി കൂടിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നും ആവശ്യപ്പെടുകയുണ്ടായി. പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കുന്ന സാഹചര്യമുണ്ടായാല്‍, തനിക്കു കൂടി പകര്‍പ്പ് ലഭ്യമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളെല്ലാം ജസ്റ്റിസ് കെ.ബാബു തള്ളി. ഇതോടെ, ആരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അതിജീവിതയ്ക്ക് മനസ്സിലാക്കാനാകും.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് അതിജീവിത നേരത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ജില്ലാ സെഷന്‍സ് ജഡ്ജിയെ നിയോഗിക്കുകയായിരുന്നു.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടത്തിയിരുന്നു. അതുപോലെ, കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത് എന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പിന്നാലെ ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയിരുന്നു.
ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവുണ്ടെന്നും അതിനാല്‍ നല്‍കാനാവില്ല എന്നുമായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചത്.