കത്തില്‍ കൗതുകമെന്തെന്ന് മനസിലായില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

ഇതിലൊക്കെ എന്താണ് വാര്‍ത്താപ്രധാന്യമെന്ന് മനസിലാകുന്നില്ല. ആ കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണെന്നും വ്യക്തമാക്കി.

author-image
Prana
New Update
rahul mamkootathil

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ നിര്‍ദേശിച്ച് ഡി.സി.സി, ദേശീയ നേതൃത്വത്തിനയച്ച കത്ത് പുറത്തുവന്നതില്‍ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇതില്‍ എന്താണ് കൗതുകമെന്ന് ചോദിച്ച രാഹുല്‍, ഇതിലൊക്കെ എന്താണ് വാര്‍ത്താപ്രധാന്യമെന്ന് മനസിലാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''കെ. മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. അത് നേതൃത്വത്തിന് അറിയുന്ന കാര്യമാണ്. ആ കത്ത് ഞാന്‍ കണ്ടിട്ടില്ല, അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുരളീധരനെ പോയി കണ്ടതാണ്. ഇതിലൊക്കെ എന്താണ് വാര്‍ത്താപ്രധാന്യമെന്ന് മനസിലാകുന്നില്ല.''- രാഹുല്‍ പറഞ്ഞു. ആ കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണെന്നും വ്യക്തമാക്കി.
അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഈ കത്തിന് പ്രസക്തിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ കത്താണ് ഇത്. തിരഞ്ഞെടുപ്പിന് മുമ്പ് ആരുടെ പേരും മുന്നോട്ട് വയ്ക്കാന്‍ ഈ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ട്. ഡിസിസിക്ക് പ്രത്യേകിച്ച് താത്പര്യങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.മുരളീധരന്റെ പേര് നിര്‍ദേശിച്ച് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഡി.സി.സി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നുണ്ട്.

k muraleedharan rahul mankoottathil DCC Palakkad by-election