എഡിജിപിക്കെതിരായ ആരോപണങ്ങളിൽ റിപ്പോർട്ട് ഇന്ന്; ഡിജിപി നിലപാട് നിർണായകം

അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്.

author-image
Vishnupriya
New Update
adgp

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് നൽകും. അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്.

മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാൻ ശ്രമിച്ചതായി അൻവർ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വർണം പിടികൂടി പങ്കിട്ടെടുക്കൽ, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോർത്തൽ, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. അനധികൃത സാമ്പത്തിക സമ്പാദനവും, മരംമുറിയും വിജിലൻസിന് കൈമാറി. പൂരം അട്ടിമറിയും, ഫോണ്‍ ചോർത്തലും ഇതിനകം തന്നെ റിപ്പോർട്ടായി സർക്കാരിന് മുന്നിലുണ്ട്. ഏറ്റവുമൊടുവിലാണ് എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ച അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

മാമി തിരോധാന കേസ് രണ്ട് പ്രാവശ്യം എഡിജിപി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ തിരോധാനത്തിലേക്ക് കൈചൂണ്ടുന്ന തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം അത് ശേഖരിച്ചില്ല. കോഴിക്കോട് കമ്മീഷ്ണറുടെ കീഴിലുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. വീണ്ടും ഡിജിപിക്ക് പരാതി വന്നപ്പോഴാണ് എഡിജിപി നേരിട്ട് അന്വേഷണം പരിശോധിച്ചത്. പക്ഷേ എന്നിട്ടും അന്വേഷണത്തിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ല. ഇത് സംബന്ധിച്ച് റിപ്പോട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. 

പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ഡിജിപി നേരത്തെ ശുപാർശ ചെയ്തിരുന്നു. ക്രമസമാധാന ചുമതലയിൽ എംആർ അജിത് കുമാർ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ ഡിജിപിയുടെ നിഗമനമാകും. കൂടിക്കാഴ്ച വ്യക്തിപരമെന്ന് എഡിജിപി ന്യായീകരിച്ചിട്ടുണ്ട്. രണ്ട് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് സഹായിച്ച എഡിജിപിയുടെ സുഹൃത്തും ആർഎസ്എസ് നേതാവുമായി ജയകുമാർ മൊഴി നൽകിയിട്ടില്ല. എഡിജിപി സ്വയം സമ്മതിച്ച സാഹചര്യത്തിൽ സാഹചര്യ തെളിവുകള്‍ അനുസരിച്ച് കൂടിക്കാഴ്ച്ചയിൽ സംശയങ്ങളുന്നയിച്ച് റിപ്പോർട്ട് നൽകാം.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് വീഴ്ച്ച വരുത്തി എഡിജിപി ആ‌ർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെങ്കിൽ നടപടിയെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്. കൂടിക്കാഴ്ചയിൽ ചട്ടലംഘനം ഉണ്ടായതായി ഡിജിപിയുടെ റിപ്പോർട്ടിലുണ്ടാകുമോയെന്ന് എൽഡിഎഫിലെ ഘടകക്ഷികളും ഉറ്റു നോക്കുന്നത്. അന്വേഷണ സംഘത്തിലുള്ള തൃശൂർ റെയ്ഞ്ച് ഡിഐജി ഉള്‍പ്പെടെ നാല് അംഗങ്ങള്‍ തലസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി ക്യാമ്പ് ചെയ്താണ് റിപ്പോർട്ട് പൂർത്തിയാക്കിയത്. ഈ റിപ്പോർട്ടിലാണ് ഡിജിപി സ്വന്തം അഭിപ്രായം രേഖപ്പെടുത്തി നൽകിയത്. 

Thrissur Pooram mami missing case ADGP Ajith Kumar