ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: അജിത്‌കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി

ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലും മൊഴി രേഖപ്പെടുത്തും.

author-image
Vishnupriya
New Update
mr ajith kumar adgp

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നു. ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലും മൊഴി രേഖപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസ്, റിദാന്‍ വധം, തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തുന്നത്. 

കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥത വഹിച്ച ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡിജിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ദിവസങ്ങളുടെ ഇടവേളയില്‍ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്. 

അതേസമയം, ഇക്കാര്യം എഡിജിപി സമ്മതിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ കൂടിക്കാഴ്ചയും തൃശൂര്‍ പൂരം കലക്കലുമായി ചേര്‍ത്തുവച്ച് സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്നും എഡിജിപിയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റണമെന്നുമാണ് സിപിഐയുടെ ആവശ്യം.

PV Anwar ADGP MR Ajith Kumar