ജനസംഖ്യയിലെ യുവതയുടെ അനുപാതത്തില്‍ ഉണ്ടാകുന്ന കുറവ് ഗൗരവതരവും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കുമെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍. തിരുവനന്തപുരം അല്‍ സാജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 'പ്രോഫ്‌കോണ്‍' ത്രിദിന ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വിദ്യാഭ്യാസ തൊഴില്‍ മേഖലകള്‍ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് സൂചിപ്പിക്കുന്നത് എന്ന് പറയുമ്പോഴും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഇന്ത്യയിലെ മൊത്തം ശരാശരി 7 ശതമാനമാണെന്നിരിക്കെ കേരളത്തില്‍ അത് 20 ആണെന്നത് ആശങ്കാജനകമാണ്. അറിവിനൊപ്പം സാമൂഹിക ബോധവും മനുഷ്യത്വവും ഉണ്ടാക്കിയെടുക്കേണ്ടത് വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ കടമയാണ്. വിദ്യാര്‍ഥി കൂട്ടായ്മകള്‍ എന്നും സന്തോഷം നല്‍കുന്നതാണെന്നും നവീന ചിന്തകളിലൂടെ സമൂഹത്തെ മുന്നേക്ക് നയിക്കേണ്ടവരാണ് വിദ്യാര്‍ഥികളെന്നും മന്ത്രി പറഞ്ഞു.
അറിവിന്റെ അടിസ്ഥാനത്തിലുള്ള നേട്ടങ്ങളിലൂടെ നാം മുന്നോട്ടുപോകുമ്പോഴു ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ട മനുഷ്യത്വം എന്നത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിന് നമ്മുടെ അറിവും സാങ്കേതിക വിദ്യകളും പര്യാപ്തമല്ലാതെവരുന്നു എന്നതിനുദാഹരണമാണ് തൊഴില്‍ രംഗത്തടക്കം നടന്നുവരുന്ന ചൂഷണങ്ങള്‍. അറിവിനൊപ്പം സാമൂഹിക ബോധം കൂടി ഉണ്ടാക്കിയെടുക്കുക എന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം അത് നല്‍കുക എന്നുള്ളതാണ് ഇത്തരം സംഘടനകളുടെ ഉത്തരവാദിത്തം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. മായീന്‍ ഹാജി, ഡോ. പി.പി. നസീഫ്, ഷമീല്‍ മഞ്ചേരി, അര്‍ഷദ് അല്‍ ഹികമി താനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.