വയനാട്ടിലും ചേലക്കരയിലും പോളിങ്ങില്‍ ഇടിവ്

മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ 64.27 ശതമാനം പോളിങാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് ഉണ്ടായിരുന്ന സ്ഥാനത്താണിത്.

author-image
Prana
New Update
polling

കല്‍പറ്റ/ചേലക്കര: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പോളിങ്ങില്‍ ഇടിവ്. ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചിട്ടും മിക്കയിടത്തും നീണ്ട ക്യൂ അനുഭവപ്പെട്ടു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ 64.27 ശതമാനം പോളിങാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് ഉണ്ടായിരുന്ന സ്ഥാനത്താണിത്. അവസാന കണക്കുകളില്‍ കുറച്ചുകൂടി മെച്ചപ്പെടുമെങ്കിലും വയനാട്ടില്‍ പോളിങ് വലിയ കുറവാണ് ഉണ്ടായത്.
ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.29 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയില്‍ വോട്ടിങ് സമയം കഴിഞ്ഞും ആളുകള്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ തുടരുന്നതിനാല്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം.
വയനാട് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ മാനന്തവാടിയില്‍ 62.61 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരി 61.48, കല്‍പറ്റ 64.24, തിരുവമ്പാടി 65.46, ഏറനാട് 68.12, നിലമ്പൂര്‍ 60.98, വണ്ടൂര്‍ 63.38 ശതമാനം പോളിങും രേഖപ്പെടുത്തി. ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടിയില്‍ ആകെ പോള്‍ ചെയ്തത് 720 വോട്ടുകള്‍ മാത്രമാണ്. മേപ്പാടിയില്‍ 1168 പേര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇവരില്‍ 112 പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരോ കാണാതായവരോ ആണ്.
അതിനിടെ പോളിങ് സമയം അവസാനിച്ചിട്ടും ചേലക്കരയില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ഇപ്പോഴും പ്രകടമാണ്. ആറ് മണി വരെ പോളിങ് ബൂത്തില്‍ എത്തിയവര്‍ക്ക് ടോക്കല്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വോട്ട് ചെയ്യാം. പോളിങ് ശതമാനം കുറഞ്ഞത് വയനാട്ടിലെ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

 

polling wayanad byelection chelakkara by election