വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പഠിക്കാന്‍ ഒമ്പതംഗ സമിതിയെ കേന്ദ്രം നിയോഗിച്ചതായും അനുകൂല പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് അറിയിച്ചു. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും ദുരന്ത മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. 225 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. 195 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ശരീര ഭാഗത്തിന്റെ 90% കൂടുതല്‍ ഉണ്ടെങ്കില്‍ മൃതദേഹമായി കണക്കാക്കും. എല്ലാ ശരീരഭാഗങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കും. ഫലം വന്നാലേ കൃത്യമായി മൃതദേഹങ്ങളുടെ എണ്ണം കണക്കാക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരച്ചില്‍ പൂര്‍ണമായിട്ടില്ല. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചേര്‍ത്ത് 233 സംസ്‌കാരങ്ങള്‍ നടന്നു. 1942 പേര്‍ ക്യാമ്പുകളിലുണ്ട്. ദുരന്ത മേഖലകളില്‍ നാളെ ജനകീയ തിരച്ചില്‍ നടക്കും. ആറ് മേഖലകളായി തിരിച്ചായിരിക്കും തിരച്ചില്‍ നടക്കുക. സാധ്യമായ എല്ലാ മാര്‍ഗവുമുപയോഗിച്ച് ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തിന് ശേഷം ഒരു സംഘം സൈനികര്‍ മടങ്ങി. ദുരന്തമുഖത്തെ മാലിന്യ നീക്കം ശുചിത്വ മിഷന്‍ വഴി നടപ്പിലാക്കുകയാണ്. 110ഓളം ഹരിത കര്‍മ്മസേനാംഗങ്ങള്‍ സമീപ പഞ്ചായത്തുകളില്‍ നിന്ന് ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തമേഖലയിലേക്ക് ഇനി അവശ്യസാധനങ്ങളുടെ ആവശ്യമില്ല. ഏഴ് ടണ്‍ പഴയ തുണിത്തരങ്ങളാണ് ലഭിച്ചത്. ഇത് ഉപയോഗിക്കാനാകില്ലെന്നും ഇവ സഹായമല്ല മറിച്ച് ഉപദ്രവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരച്ചില്‍ അവസാനിപ്പിക്കുന്ന കാര്യം നിലവില്‍ തീരുമാനിച്ചിട്ടില്ല. കഴിയുന്നതൊക്കെ ചെയ്യാനാണ് തീരുമാനം. ദുരന്ത മേഖലയില്‍ താമസിക്കുന്ന കാര്യം അവിടത്തെ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ഉടന്‍ താല്‍ക്കാലിക സംവിധാനമൊരുക്കും. അതീവ ഗൗരവമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ കാണുന്നത്. അതിനുള്ള നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.