വയനാട്: വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 300 കടന്നു.ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 314 ആയി. തെരച്ചിൽ പുരോഗമിക്കുമ്പോൾ ഇനിയും 200 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.വെള്ളാർലേ സ്‌കൂളിന് സമീപത്ത് വ്യാപക പരിശോധന നടക്കുകയാണ്. ഒറ്റപ്പെട്ടുപോയ നാലുപേരെ സൈന്യം തെരച്ചിലിൽ കണ്ടെത്തി.
ദുരന്തം 49 കുട്ടികളെ ബാധിച്ചതായി വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 28 കുട്ടികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 206 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും കിട്ടിയിട്ടില്ല. 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തും. കാണാതായവരെ മൊബൈൽ ലൊക്കേഷൻ നോക്കി കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. രണ്ടു സ്‌കൂളുകൾ തകർന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കും.
നാലാം നാൾ ഒമ്പത് മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 116 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആറു സോണുകളായി തിരിഞ്ഞ് തെരച്ചിൽ നടക്കുകയാണ്. വെള്ളാർമല സ്‌കൂളിന്റെ പരിസരം കേന്ദ്രീകരിച്ചും ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലുമെല്ലാം തെരച്ചിൽ നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും കനത്തമഴ തുടരുകയാണ്.
തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മേപ്പാടി പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. ശരീരഭാഗങ്ങളെയും മൃതദേഹമായിട്ടാണ് കണക്കെടുക്കുമ്പോൾ പരിഗണിക്കുന്നത്.