തിരുവനന്തപുരം: പിതാവ് ഉമ്മൻചാണ്ടി രോഗം വന്ന് ആശുപത്രിയിൽ കിടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് ചെയ്ത സഹായങ്ങൾ മറക്കില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്.
'ഒരാളെ തിരിച്ചറിയുന്നത് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോഴാണ്. എന്റെ പിതാവിന് ബുദ്ധിമുട്ടുണ്ടായപ്പോൾ പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് എടുത്തത് ധീരമായ നിലപാടാണ്, അങ്ങയെ കാണാൻ ഞാൻ വന്നു. അപ്പോൾ അങ്ങ് എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ മറക്കില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ ഞങ്ങൾ മറക്കില്ല.
എന്റെ അമ്മ എന്നോട് പറഞ്ഞു, എന്തുവന്നാലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കണമെന്ന്. ഇവിടെ വന്നതിലൂടെ എത്രത്തോളം പ്രാധാന്യം അങ്ങ് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് നൽകുന്നുണ്ടെന്ന് മനസ്സിലാക്കാം. ഡോ. രവീന്ദ്രനാണ് എന്റെ പിതാവിനെ കുറെനാൾ ചികിത്സിച്ചത്. ഒരുദിവസം ഡോക്ടർ എന്നെ വിളിച്ചു. മുഖ്യമന്ത്രി വിളിച്ച് 'ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഡോക്ടറിന്റെ ചികിത്സയിൽ ഉമ്മൻചാണ്ടി വളരെ മെച്ചപ്പെട്ടിരിക്കുന്നു' എന്ന സന്തോഷം പ്രകടിപ്പിച്ച കാര്യം പറഞ്ഞു.
വ്യക്തികളെന്ന നിലയിൽ പരസ്പര ബഹുമാനം എന്താണെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്. 2022 ഒക്ടോബറിൽ അദ്ദേഹം എന്റെ പിതാവിനെ കാണാൻ വീട്ടിലെത്തിയിരുന്നു. ജീവിച്ചിരുന്നപ്പോൾ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു അവർ എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.