മണ്ണുത്തി : മതിയായ അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിൽ സംഘം തന്റെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയതെയെന്ന് ഇരിങ്ങാലക്കുട സബ് ആര്‍.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി. ശ്രീകാന്ത്. സംഭവത്തില്‍ മണ്ണുത്തി സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു, നേരിട്ട് കണ്ടാല്‍ തിരിച്ചറിയുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വധഭീഷണിക്കും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
'കടുത്ത സമ്മര്‍ദമാണ് നേരിടുന്നത്. ജോലി ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ഫിറ്റ്‌നസ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് കൂട്ടംകൂടിനിന്നാണ് ഭീഷണി. ഇതിനുപുറമേ അജ്ഞാത നമ്പറുകളില്‍നിന്ന് ഫോണ്‍വിളികള്‍. ഇപ്പോഴിതാ വീടിനുമുന്നിലേക്കും കൊലവിളിയുമായി എത്തിയിരിക്കുന്നു. മറ്റൊരു നവീന്‍ബാബുവാകാന്‍ വയ്യ. ഭീഷണി വീട്ടിലേക്കു കൂടി എത്തിയതോടെയാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്'- ശ്രീകാന്ത് മണ്ണുത്തി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വീടിനുമുന്നിലെത്തി വധഭീഷണി മുഴക്കിയ മൂന്നംഗ അക്രമിസംഘത്തിനെതിരേ ശ്രീകാന്ത് നല്‍കിയ പരാതിയില്‍ മണ്ണുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ് കാറില്‍ അക്രമിസംഘം ശ്രീകാന്തിന്റെ മണ്ണുത്തി തിരുവാണിക്കാവിന് സമീപത്തെ വീടിനുമുന്നിലെത്തിയത്. ദേശീയപാതയിലെ സര്‍വീസ് റോഡിനോടുചേര്‍ന്ന വീടിന് മുന്നില്‍നിന്ന് ഗേറ്റില്‍ ആഞ്ഞുതട്ടിയും മറ്റും ഒരുമണിക്കൂറോളം സംഘം ഭീഷണി മുഴക്കി.
ഈ സമയം വീട്ടില്‍ ശ്രീകാന്തിന് പുറമേ ഗര്‍ഭിണിയായ ഭാര്യയും പ്രായമായ അമ്മയും സഹോദരിയും രണ്ട് ചെറിയ മക്കളുമാണുണ്ടായിരുന്നത്. സംഭവം കണ്ട് വീട്ടുകാരെല്ലാം ഭയന്നുവിറച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയതിനാലാണ് അക്രമിസംഘം ഉള്ളിലേക്ക് കയറാതിരുന്നതെന്ന് ശ്രീകാന്ത് പറയുന്നു. ഇതിനു പിന്നാലെ തൊട്ടടുത്ത അമ്മാവന്റെ വീട്ടില്‍ചെന്ന് അസഭ്യം പറഞ്ഞതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് സ്ഥലത്തുനിന്ന് പോയ പ്രതികള്‍ സമീപത്തെ വ്യാപാരസ്ഥാപന ഉടമയുടെ വീട്ടിലെത്തി മുന്നറിയിപ്പ് നല്‍കി. ഇദ്ദേഹമാണ് ശ്രീകാന്തിനെ വിളിച്ച് അക്രമിസംഘത്തെക്കുറിച്ച് സൂചന നല്‍കിയത്.
സംഘത്തിലൊരാളായ ബിജു നേരത്തെയും പരിശോധനാ ഗ്രൗണ്ടില്‍ വെച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫിറ്റ്‌നസ് അനുവദിക്കാത്തതിനെത്തുടര്‍ന്ന് ബസിന്റെ കൈവശാവകാശി എന്ന് സ്വയം പരിചയപ്പെടുത്തിയ ജെന്‍സന്‍ ഓഫീസില്‍ നേരിട്ടെത്തിയും അല്ലാതെയും പലതരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനൊന്നും വഴങ്ങാത്തതിനെത്തുടര്‍ന്നാണ് വീട്ടിലേക്ക് ഭീഷണിയുമായെത്തിയതെന്ന് ശ്രീകാന്ത് പറയുന്നു.