വയനാട് ദുരന്തത്തില്‍പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയും ഇന്‍ക്വസ്റ്റും നടത്തി ബന്ധുക്കള്‍ക്ക് വേഗത്തില്‍ കൈമാറാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്തുന്നതാണ്.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിനുവേണ്ട ഇടപെടലുകള്‍ പൊതുവിതരണ വകുപ്പും സപ്ലൈകോയും നടത്തിവരുന്നു.
റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കി. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറെ രാവിലെതന്നെ പ്രത്യേകമായി നിയോഗിച്ചു.
താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്റസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്നിക്കില്‍ താത്ക്കാലിക ആശുപത്രിയും സജ്ജമാക്കുന്നു. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വയനാട്ടില്‍ അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടിലേക്ക് അയച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. ദുരന്തമേഖലകളില്‍ പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്ത് എത്തുന്നതാണ്. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കും. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
ഇപ്പോള്‍ അപകടം ഉണ്ടായ സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ എന്ന സ്ഥലം തീവ്ര ദുരന്ത സാധ്യതാ പ്രദേശത്താണ്. ഒഴുകിവന്ന മണ്ണും, ഉരുളും, പാറകളും ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലാത്ത ചൂരല്‍മല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവകേന്ദ്രത്തിന്റെ ആറ് കിലോമീറ്റര്‍ അകലെയാണ്. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വര്‍ഷങ്ങളായി ജനവാസം ഉള്ള മേഖലയുമാണ്. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല.
മഴ കനത്തതിനാല്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കാരണമായി. ഇവിടെ ഓറഞ്ച് അലര്‍ട്ട് ആണ് നിലനിന്നിരുന്നത്. 64 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴ പെയ്യും എന്നായിരുന്നു ഇന്നലെ ഉച്ചക്കുള്ള മുന്നറിയിപ്പ്. എന്നാല്‍, ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും ചിലപ്പോള്‍ എങ്കിലും പ്രവചനാതീതമാണ്. അപ്രതീക്ഷിതമായ വന്‍മഴയും മേഘ വിസ്ഫോടനവും ഉരുള്‍പൊട്ടലും ഒക്കെ അതിന്റെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്.
നാം ഏറെക്കാലമായി ജീവിക്കുന്ന പ്രദേശത്ത് മുമ്പ് അത്തരം അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലായിരിക്കാം. എന്നാല്‍ മാറിയ സാഹചര്യത്തില്‍ മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരും പാലിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.