ന്യൂഡൽഹി: റഷ്യയിൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി യുവാവ് പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ പാസ്സ് നൽകിയതോടെയാണ് മടങ്ങാൻ സാധിച്ചത്. ഇന്ന് രാവിലെയാണ് ഡേവിഡ് ഡൽഹിയിലെത്തിയത്.വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിക്കെണിയിൽപ്പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്.റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിന്റെ കാലുകൾക്ക് പരുക്ക് പറ്റിയിരുന്നു.
റഷ്യയിലെ ഒരു സൂപ്പർ മാർക്കറ്റിൽ സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ ശമ്പളത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബറിൽ ഡേവിഡ് റഷ്യയിലേക്ക് കടത്തിയത്. ഒാൺലൈൻ വഴി പരിചയപ്പെട്ട ഡൽഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ ഡേവിഡിൻെറ പക്കൽ നിന്നും കൈപ്പറ്റിയിരുന്നു. റഷ്യയിൽ എത്തിയതിനു ശേഷം റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാൾ വിമാനത്താവളത്തിൽ നിന്നു ഡേവിഡിനെ പട്ടാള ക്യാംപിൽ എത്തിച്ചു . ക്യാംപിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ച് യുദ്ധത്തിൽ പങ്കെടുത്തതോടെയാണു ചതിയിൽ പെട്ടു എന്ന് ഡേവിഡിനു മനസിലായത്.
കഴിഞ്ഞ ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയിൽ രാത്രി നടത്തത്തിനു പോകുമ്പോൾ ഡ്രോണിൽ എത്തിയ ബോംബ് പൊട്ടി കാലിനു ഗുരുതര പരുക്കേറ്റു. എന്നാൽ മതിയായ ചികിത്സ പോലും നൽകാതെ ദുരിതാവസ്ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ടു വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു . അപ്പോഴാണ് ഡേവിഡിന്റെ ദുരിതം നാട്ടിൽ അറിയുന്നത് . തന്നെക്കൂടാതെ നിരവധി മലയാളികൾ യുദ്ധഭൂമിയിൽ ഉണ്ടെന്ന് ഡേവിഡ് പറഞ്ഞു .മാധ്യമ വാർത്ത കണ്ട കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ഡോ ശശി തരൂർ എംപി തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ടിരുന്നു. മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിൽ ആണ് ഡേവിഡ് കഴിഞ്ഞിരുന്നത്. രണ്ടുദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു.