ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തീയതി 24 ന് നിശ്ചയിക്കും

സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തീയതി ഈ മാസം 24ന് ഷെഡ്യൂള്‍ ചെയ്യും.

author-image
Prana
New Update
sreeram
Listen to this article
0.75x 1x 1.5x
00:00 / 00:00

 സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തീയതി ഈ മാസം 24ന് ഷെഡ്യൂള്‍ ചെയ്യും. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് 24ന് വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവായത്. ഇന്ന് പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.വിചാരണക്കു മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി നരഹത്യാ കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ മാസം 16ന് കേസ് പരിഗണിച്ചപ്പോഴാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം തള്ളിയാണ് കോടതി കുറ്റം ചുമത്തിയത്.

അശ്രദ്ധമായി മനുഷ്യജീവന് ആപത്താകും വിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍, മനപൂര്‍വമുള്ള നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെയുള്ളതായും കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി നിരീക്ഷിച്ചിരുന്നു.

sriram venkataraman