നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 80 വര്‍ഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും. കോടിക്കുളം കോട്ടക്കവല നടുക്കുടിയില്‍ സോയസ് ജോര്‍ജി(34)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ.ബാല്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. അതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷംതടവ് അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം.
2015 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കുട്ടി പീഡനത്തിന് ഇരയായത്. പരിശീലനത്തിന്റെ പേരില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും അശ്ലീല വീഡിയോകള്‍ കുട്ടിയെ കാണിച്ച് പീഡനത്തിന് ഇരയാക്കി. ഭയന്ന കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ആശുപത്രിയിലാക്കി. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി വിവരം ഡോക്ടറോട് പറഞ്ഞത്.
ഡോക്ടര്‍ ഇടുക്കി ചൈല്‍ഡ് ലൈനില്‍ സംഭവം റിപ്പോര്‍ട്ടുചെയ്തു. മറ്റൊരു കുട്ടിയേയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ കുട്ടിയുടെ മൊഴിയും നിര്‍ണായകതെളിവായി.
കുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശംനല്കി. തൊടുപുഴ എസ്.ഐ. ആയിരുന്ന വി.സി. വിഷ്ണുകുമാര്‍ അന്വേഷിച്ച കേസില്‍ സി.ഐ. അഭിലാഷ് ഡേവിഡാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.