കൊണ്ടോട്ടി: ഇനി മുതൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാം.വിമാനത്താവളം ആരംഭിച്ച് 36 വർഷം പിന്നിടുന്ന വേളയിൽ ഇൻഡിഗോ കമ്പനിയാണ് ചരിത്രത്തിലാദ്യമായി കരിപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് അഗത്തി സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
78 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ വിഭാഗത്തിലുള്ള വിമാനമാണ് സർവ്വീസ് നടത്തുന്നത്.5000-6000 രൂപയാണ് ടിക്കറ്റ് നിരക്ക് ആദ്യ സർവ്വീസ് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
രാവിലെ 10.20ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 10.55ന് കൊച്ചിയിലെത്തും.11.25ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിക്ക് അഗത്തിയിലെത്തുന്ന രീതിയിലാണ് ക്രമീകരണം.തുടർന്ന് അഗത്തിയിൽനിന്ന് ഉച്ചക്ക് 12.10ന് മടങ്ങുന്ന വിമാനം 1.25ന് കൊച്ചിയിലെത്തി പിന്നീട് 1.45ന് പുറപ്പെട്ട് 2.30ന് കരിപ്പൂരിൽ തിരിച്ചെത്തും.
നിലവിൽ ബംഗളൂരുവിൽനിന്ന് നേരിട്ട് അഗത്തിയിലേക്ക് ഇൻഡിഗോയുടെ വിമാന സർവ്വീസുണ്ട്.ഈ വിമാനമാണ് കൊച്ചി വഴി കരിപ്പൂരിലേക്ക് മടങ്ങുക.കരിപ്പൂരിൽനിന്ന് കൊച്ചി വഴി അഗത്തിയിൽ എത്തുന്ന വിമാനം അവിടെനിന്ന് ബംഗളൂരുവിലേക്കും മടങ്ങും.
എല്ലാ ദിവസവും സർവ്വീസ് ഉണ്ടാകും.ആദ്യ സർവ്വീസിന്റെ ഉദ്ഘാടന ചടങ്ങിൽ സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അഖിലേഷ് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ ഹബീബ് റഹ്മാൻ, ഇൻഡിഗോ മാനേജർ ഡെറിൻ റോയ്, അസിസ്റ്റന്റ് മാനേജർ പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.