കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിക്കെതിരായ സൈബര്‍ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷന്‍ അറിയിച്ചു. സൈബര്‍ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അമ്മ ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നതില്‍ നിന്ന് അര്‍ജുന്റെ കുടുംബം വിട്ടുനിന്നിരുന്നു.