കൊച്ചി : ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് (സി.ഐ.എ.എസ്.എല്‍) നടത്തുന്ന എവിയേഷന്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) യുടെ അംഗീകാരം. കൊച്ചി വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ്, സിയാല്‍ മാനേജിങ് ഡയറക്ടറും സി.ഐ.എ.എസ്.എല്‍ ചെയര്‍മാനുമായ എസ്.സുഹാസ് ഐ.എ.എസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) പി.ജി. ശങ്കരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു.
കുസാറ്റിനെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ ഡോ.വി.ശിവാനന്ദന്‍ ആചാരിയും സി.ഐ.എ.എസ്.എല്‍ അക്കാദമിക്ക് വേണ്ടി സി.ഐ.എ.എസ്.എല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ.പൂവട്ടിലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ബെന്നി ബഹനാന്‍ എംപി, എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, സിയാലിലെയും കുസാറ്റിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അക്കാദമിയില്‍ പരിശീലനം നേടിയവര്‍ക്ക് പരീക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുസാറ്റിന്റെ അംഗീകാരത്തോടു കൂടി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാം. കാനഡയിലെ മോണ്‍ട്രിയലിലുള്ള എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എ.സി.ഐ) അംഗീകൃത പരിശീലന പങ്കാളി കൂടിയാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി.