46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറന്‍സി ട്രേഡ് സൈബര്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഹുസുര്‍ ജെ പി നഗര്‍ ദിവ്യ സ്റ്റീല്‍സിന് സമീപം ബി ഡി എ 1, സോണ്‍ 1 ല്‍ താമസിച്ചുവരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മനവേന്ദ്ര സിങ് കുഷ്വാഹാ (39) യെയാണ് ആറന്മുള പോലീസ്് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപയാണ് ക്രിപ്റ്റോ കറന്‍സി ട്രേഡ് തട്ടിപ്പിലൂടെ നഷ്ടമായത്.
ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി ക്രിപ്റ്റോ കറന്‍സി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട യുവാവ്, ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായി. തുടര്‍ന്ന്, അമേരിട്രേഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ പ്ലാറ്റ്ഫോമില്‍ യു എസ് ഡി ടി എന്ന ക്രിപ്റ്റോ കറന്‍സി ബിസിനസില്‍ 100 ഡോളര്‍ നിക്ഷേപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ 1000 ഡോളര്‍ തിരികെ ലഭിക്കുമെന്നും മറ്റുമുള്ള പരസ്യങ്ങളും വാഗ്ദാനങ്ങളും എത്തിതുടങ്ങി. കമ്പനിയുടെ ഏജന്റ് എന്ന തരത്തില്‍ നിരന്തരം യുവാവിനെ തട്ടിപ്പുകാരന്‍ വിളിച്ചുകൊണ്ടിരുന്നു. ഇതില്‍ വിശ്വസിച്ച് ഇയാള്‍ കഴിഞ്ഞവര്‍ഷം ജൂലൈ 8 മുതല്‍ ഡിസംബര്‍ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു.