ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പ്രതിയ്ക്ക് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിദിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ തയ്യാറായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകള്‍ നല്‍കിയാല്‍ മാത്രമെ സമൂഹത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കു എന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 2023 ഏപ്രില്‍ ഏഴ്, 10, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.
പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ അടിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാല്‍ പ്രതിയെ ഭയന്ന് കുട്ടി വീട്ടില്‍ പറഞ്ഞില്ല.
കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ പരിശോധിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടി പീഡന വിവരം പറയുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാര്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിയിച്ചു. വൈദ്യ പരിശോധനയില്‍ കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്ടറും സ്ഥിരീകരിച്ചു.