തൊടുപുഴ: തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും ലീഗും പ്രത്യേകം സ്ഥാനാർഥികളെയാണ് മത്സരത്തിന് നിർത്തിയിരുന്നത്.തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നിൽ കോൺഗ്രസ് ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.
സിപിഎമ്മിന്റെ സബീന ബിഞ്ചു കോൺഗ്രസ് സ്ഥാനാർഥി ദീപക്കിനെ തോൽപിച്ച് നഗരസഭ ചെയർപഴ്സനായി. ആദ്യ റൗണ്ടിൽ പുറത്തായ ലീഗ് അവസാന റൗണ്ടിൽ എൽഡിഎഫിനെ പിന്തുണക്കുകയായിരുന്നു. അഞ്ച് ലീഗ് കൗൺസിലർമാർ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു.
യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി 8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫിന്റെ 2 കൗൺസിലർമാർ വിട്ടു നിന്നു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് കോൺഗ്രസിനു ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്ക് 10 വോട്ട് ലഭിച്ചു. സിപിഎമ്മിന് 14 വോട്ടും. തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം നഗരസഭ പരിസരത്ത് കോൺഗ്രസ്– മുസ്‌ലിം ലീഗ് സംഘർഷം ഉണ്ടായി. ഇരു പാർട്ടിയിലെയും നേതാക്കൾ തമ്മിൽ ഉന്തുംതള്ളും നടന്നു. ‘സിപിഎം ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചാണു ലീഗ് നേതാക്കൾ നഗരത്തിലൂടെ പ്രകടനം നടത്തിയത്.
ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടന്നത്. കൈക്കൂലി കേസിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയതോടെ എൽഡിഎഫ് ചെയർമാനുള്ള പിന്തുണ പിൻവലിക്കുയുംചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നൽകി. പിന്നാലെ സനീഷ് ജോർജ് രാജിവയ്ക്കുകയായിരുന്നു.