മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം ഒതായി ബ്രാഞ്ച് കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ചിത്രമുള്ള വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫ്ലക്സ് ബോർഡാണ് സിപിഎം ഒതായി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനമായിരുന്നു വാർത്തസമ്മേളത്തിൽ എംഎൽഎ ഉന്നയിച്ചത്. പി. ശശിയെ കാട്ടുകള്ളൻ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തിൽ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അൻവർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുമായുള്ള സംസാരത്തിൽ അദ്ദേഹത്തിന് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചു. 'അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂർ കണ്ടെന്ന് ഞാൻ തള്ളാൻ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് കേരളത്തിലെ സഖാക്കൾ മനസിലാക്കണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെ കുറേക്കാലമായി ഞാൻ ചോദ്യംചെയ്യുന്നു. ഏകപക്ഷീയമായി സഖാക്കളെ അടിച്ചമർത്തുക, പോലീസിന്റെ ആർ.എസ്.എസ്. വത്കരണം എന്നിവയ്‌ക്കെതിരെ എനിക്ക് വികാരമുണ്ടായിരുന്നു', അൻവർ പറഞ്ഞു.