മലപ്പുറം: സർക്കാരിനെതിരെ മോശം പറയാൻ മാധ്യമപ്രവർത്തകരെ ശമ്പളം കൊടുത്തു നിർത്തിയിരിക്കുകയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇപ്പോൾ വീട്ടിലെ കോഴി കൂവുന്നതിനു മുൻപ് മാധ്യമങ്ങൾ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തുമെന്നും അദേഹം പറഞ്ഞു.നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.അൻവറിന്റെ കക്കാടംപൊയിൽ പാർക്ക് നിർമാണം മാധ്യമങ്ങൾ മറന്നോ? കേരളത്തിലെ ഏറ്റവും വലിയ കള്ളൻ അൻവർ ആണെന്നാണ് അന്ന് മാധ്യമങ്ങൾ പറഞ്ഞത്. സർക്കാരിനെതിരെ മോശം പറയാൻ മാധ്യമ പ്രവർത്തകരെ ശമ്പളം കൊടുത്തു നിർത്തിയിട്ടുണ്ട്. ഇപ്പോൾ വീട്ടിലെ കോഴി കൂവുന്നതിനു മുൻപ് മാധ്യമങ്ങൾ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തും. അൻവറിന്റെ സുഭാഷിതങ്ങൾ രാവിലെ മുതൽ നൽകുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കള്ളം പറയുന്നവരാണ്. നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവർ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോൾ ഉച്ചരിക്കാൻ പാടില്ല. പണ്ട് പോളണ്ട്, പോളണ്ട് എന്ന് പറയരുതെന്ന് ശ്രീനിവാസൻ പറയും പോലെയാണ് ചിലർ ഇപ്പോൾ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവർത്തനം ആണ് അൻവർ നടത്തുന്നത്’’- വിജയരാഘവൻ പറഞ്ഞു.
നിയമ വിരുദ്ധ പ്രവർത്തനം, കള്ളക്കടത്ത്, കുഴൽപ്പണം, മണൽകടത്ത് ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവരുണ്ട്. സർക്കാരിനെ ദുർബലപ്പെടുത്താൻ ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇ എൻ മോഹൻദാസിനെ ആർഎസ്എസുകാരനാക്കിയപ്പോഴാണ് അൻവർ ഏറ്റവും ചെറുതായതെന്നും വിജയരാഘവൻ പറഞ്ഞു. അൻവറിനെ പിന്തുണച്ച നാടക-സിനിമ നടി നിലമ്പൂർ ആയിഷയും യോഗത്തിൽ പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പി കെ സൈനബ, ടി കെ ഹംസ, തുടങ്ങിയവരും യോഗത്തിൽ പ്രസംഗിച്ചു.