പത്തനംതിട്ട: കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്‍റെ കൊടികള്‍ നീക്കം ചെയ്തതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പ്രാദേശിക നേതാക്കള്‍. വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് പത്തനംതിട്ട തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് ഭീഷണി മുഴക്കിയത്. പിന്നാലെ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ബലമായി കൊടികള്‍ സ്ഥാപിച്ചു. പാര്‍ട്ടിയുടെ കൊടികള്‍ കഴിഞ്ഞ ദിവസമാണ് വനപാലകര്‍ നീക്കിയത്. ഇതിനെ തുടർന്നായിരുന്നു ഭീഷണി സന്ദേശവും കൊടി പുനഃസ്ഥാപിക്കലും.
‘നിങ്ങൾ കാടിന്റെ സേവകരാണെങ്കിൽ അതു ചെയ്തോണം. നാട്ടിലിറങ്ങി സേവിക്കാന്‍ വന്നാൽ വിവരമറിയും. യൂണിഫോമിൽ കേറി തല്ലാത്തത് ഇടതുപക്ഷ പ്രസ്ഥാനം ഈ കേരളത്തിൽ ഭരിക്കുന്നതുകൊണ്ടാണ്. ഞങ്ങൾ സമാധാനപരമായി സമരങ്ങളും പോരാട്ടങ്ങളും സംഘടനയും രൂപീകരിക്കും. അതിനെതിരെ വന്നാൽ യൂണിഫോമിടാത്ത സമയമുണ്ടല്ലോ അത് ഓർമവച്ചോളൂ...’’ – പ്രവീൺ പ്രസാദ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസവും സിപിഎം നേതാക്കൾ ഇതേപോലെ ഭീഷണിയുയർത്തിയിരുന്നു. മുറിച്ചിട്ട തടികൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രാദേശിക നേതാക്കൾ വെട്ടുകത്തി വീശുകയും തടയുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥയുടെ കൈ പിടിച്ചു തിരിക്കുകയും മർദിക്കുകയും ചെയ്തിരുന്നു.
ഇത്തരം മേഖലകളിൽ കൊടി സ്ഥാപിക്കുന്നതിന് പരിമിതികൾ ഉണ്ട്. സിഐടിയുവിന്റെ കൊടിയാണ് കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരുന്നത്. പിന്നാലെ മറ്റു യൂണിയനുകളും കൊടികൾ സ്ഥാപിച്ചു. ഇതോടെ എല്ലാവരുടെയും കൊടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർനീക്കം ചെയ്യുകയായിരുന്നു.