കണ്ണൂർ: പിവി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പാർട്ടിയെ ഇട്ടുകൊടുക്കരുതെന്ന് പികെ ശ്രീമതി പറഞ്ഞു.ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണെന്നും അനുഭാവി ആയാലും ആരായാലും പാർട്ടിയെ തളർത്തുന്ന ഇത്തരം നടപടികൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ശ്രീമതി പറഞ്ഞു. അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീമതി. പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീമതിയുടെ പ്രതികരണം.
പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതോട് കൂടി കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണകക്ഷിയും മാധ്യമങ്ങളും കൂട്ടമായ നീക്കമാണ് പാർട്ടിക്കെതിരെ നടത്തികൊണ്ടിരിക്കുന്നത്. അധാർമികമായ രീതിയാണ് മാധ്യമങ്ങൾ പിന്തുടരുന്നത്. അഴീക്കോടനെതിരെ അന്നത്തെ കാലത്തും സമാനമായ പ്രചാരണമാണ് നടത്തികൊണ്ടിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചത്തോളമായി കേരളത്തിലെ ഒരു നിയമസഭാ സാമാജികൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾ വാർത്തയാക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും തമസ്‌കരിക്കുന്നു. അതിന്റെ യാഥാർഥ്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പറഞ്ഞിട്ടും മാധ്യമങ്ങൾ അടങ്ങിയില്ല. ഏതന്വേഷണത്തിനും നടപടിക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ചെവികൊണ്ടില്ല. ആരോപണം വന്നയുടൻ തന്നെ ആരോപണവിധേയർക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലും അതേ സമീപനമാണ് ഉണ്ടായത്. അന്വേഷിച്ച് കണ്ടെത്താനുള്ള സാവാകാശം പോലും സർക്കാരിന് നൽകുന്നില്ല. അത് മാധ്യമ ഭീകരതയാണ്. കേരളത്തിൽ മാത്രമാണ് ഇത്തരമൊരു നീക്കമുള്ളതെന്നും ശ്രീമതി പറഞ്ഞു.ശത്രുക്കൾക്ക് പാർട്ടിയെ കൊത്തിവലിക്കാൻ എറിഞ്ഞുകൊടുക്കരുത്. അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും ആരായാലും കൊള്ളാം. അത് ശരിയല്ല. ഇത് അധ്വാനിക്കുന്നവരുടെ പാർട്ടിയാണ്. ഈ പാർട്ടിക്ക് മാത്രമേ ഒരു നവകേരളം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂവെന്നും ശ്രീമതി കൂട്ടിച്ചേർത്തു.