തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിയെ സഹായിക്കാനായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. സ്ത്രീ സുരക്ഷാ വിഷയത്തിലും പൊലീസിൽ നിന്നും വീഴ്ചയുണ്ടായെന്ന കുറ്റപ്പെടുത്തലുമുണ്ടായി.
സംസ്ഥാന ധനവകുപ്പിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതില്‍ വീഴ്ചയുണ്ടായതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതെന്ന ആക്ഷേപമാണുണ്ടായത്. ഇതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി പരിപാടി അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാരിനോട് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
അടുത്ത സമിതിയിൽ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കും. സാമൂഹ്യക്ഷേമ പെന്‍ഷനും ക്ഷേമപെന്‍ഷനും വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണനയോടെ പരിഗണിച്ചില്ല എന്ന വിമര്‍ശനം അംഗങ്ങള്‍ ഉന്നയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന ക്രമീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.