തിരുവനന്തപുരം: തട്ടുകടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ച സംഭവത്തിൽ സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ.ആര്യനാട് പൊലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.തട്ടുകടയിൽ 'ഊൺ റെഡി' എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
അരുൺ എന്നയാളുടെ കടയിലായിരുന്നു സംഭവം. അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തർക്കത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തർക്കം വീഡിയോയിൽ പകർത്താൻ ശ്രമിച്ചതിന് എട്ടുവയസ്സുകാരനെ മർദിച്ചതായും പരാതിയിൽ പറയുന്നു.
എന്നാൽ മർദ്ദിച്ചെന്ന ആരോപണം വെള്ളനാട് ശശി നിഷേധിച്ചു. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ വാഹനത്തിന്റെ താക്കോൽ സ്ത്രീ കൊണ്ടുപോയെന്നുമാണ് വിവരം തേടിയപ്പോൾ വെള്ളനാട് ശശി റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചത്. ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ തട്ടിമാറ്റി. റോഡിലാണ് സ്ത്രീ ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസുകാരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാൽ 2,000 രൂപ മാത്രമെ നൽകാനാവു എന്ന പറഞ്ഞതിലെ വിരോധമാണ് തർക്കത്തിലും അക്രമത്തിലും കലാശിച്ചതെന്നാണ് കോൺഗ്രസിന്റെ വാദം.