സി.പി.ഐ 25 ലക്ഷത്തിന് ലീഗിനു സീറ്റ് വിറ്റ പാര്‍ട്ടി: പി.വി. അന്‍വര്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പി.വി അന്‍വര്‍ സീറ്റ് വില്‍പന ആരോപണവുമായി രംഗത്തെത്തിയത്.

author-image
Prana
New Update
pv anwar mla ldf

ആലപ്പുഴ: സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച് പി.വി.അന്‍വര്‍ എം.എല്‍.എ. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്ന് അന്‍വര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പി.വി അന്‍വര്‍ സീറ്റ് വില്‍പന ആരോപണവുമായി രംഗത്തെത്തിയത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സീറ്റ് കച്ചവടം നടത്തിയെന്നാണ് അന്‍വര്‍ ആരോപിച്ചത്. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീ?ഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാര്‍?ഗവനെയാണെന്നും അന്‍വര്‍ ആരോപിച്ചു. സി.പി.ഐ. നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
'സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചുനടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ സിപിഐയുടെ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത് പ്രകാരം 50രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വരാനാണ് തന്നോട് പറഞ്ഞിരുന്നത്. സി.പിഐയുടെ ഭാഗമായി നില്‍ക്കുമെന്നും നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുവിക്കുവാനായിരുന്നു തീരുമാനം. പിന്നീട് അന്നത്തെ സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ ഇടപെടല്‍ ഉണ്ടായെന്നും അതിനുശേഷമാണ് സ്ഥാനാര്‍ഥിത്വം മാറ്റി പ്രഖ്യാപിക്കപ്പെട്ടതെന്നും അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ 49000 വോട്ടിന് താന്‍ രണ്ടാമതെത്തിയെങ്കിലും സിപിഐ സ്ഥാനാര്‍ഥിക്ക് 2300 വോട്ടുമാത്രമാണ് ലഭിച്ചതെന്നും കെട്ടിവെച്ച കാശ് പോയെന്നും പി.വി അന്‍വര്‍ പറഞ്ഞു. വെളിയംഭാര്‍ഗവനെ കൊല്ലത്ത് സ്വാധീനിച്ചത് മുസ്ലീം ലീഗാണെന്നും ലീഗ് നേതാവ് യൂനുസ് കുഞ്ഞ് വഴി 25 ലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയതെന്നും അന്‍വര്‍ ആരോപിച്ചു.
പാര്‍ട്ടി ഫണ്ട് കൊടുക്കാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നത് എന്ന് അക്കാലത്തുതന്നെ താന്‍ പരസ്യമായി പ്രതികരിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ശേഷം വെളിയം ഭാര്‍ഗവന്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുകയുമുണ്ടായി. മറുപടി തെളിവുകള്‍ സഹിതം നിയമപരമായി കൊടുത്തെങ്കിലും പിന്നെയൊരു അനക്കവും സി.പിഐയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രസ്താവിച്ചിരുന്നു. അന്‍വറിനെപ്പോലുള്ളവര്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റുകയാണ് ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ് ഇതെന്നും സിപിഎമ്മിന് മാത്രമല്ല, തങ്ങള്‍ക്കും അത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

CPI muslim league Binoy Viswam pv anwar mla