കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിൻവലിച്ചു. കേസ് നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് വിചാരണ കോടതിയിൽ സമർപ്പിച്ചതോടെയാണ് വാറണ്ട് പിൻവലിച്ചത്.
വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ മുൻ പ്രസിഡന്റും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. വിനോദ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റിന് കോടതി ഉത്തരവിട്ടത്. മ്ബനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്നായിരുന്നു പരാതി.
എറണാകുളത്തെ അഡീഷണൽ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പല തവണ നോട്ടീസ് നൽകിയിട്ടും സുകുമാരൻ നായർ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും സെഷൻസ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എൻഎസ്എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ജനറൽ സെക്രട്ടറിയും അംഗങ്ങളും സെപ്തംബർ 27ന് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകണം.