കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം.കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.ഒന്നാംപ്രതി ഡോ. സി.കെ. രമേശൻ (42), മൂന്നാം പ്രതി എം.രഹന (33) നാലാം പ്രതി കെ.ജി. മഞ്ചു(43) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.അതെസമയം ഹാജരാകാതിരുന്ന രണ്ടാം പ്രതി ഡോ. ഷഹനക്ക് സമൻസ് അയക്കാൻ കോടതി നിർദേശിച്ചു. ജൂലൈ 20 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്. നേരേത്ത പ്രതിചേർത്തിരുന്ന മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് മുൻ സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടർമാരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2017 നവംബർ 30ന് ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നതും വയറ്റിൽ കത്രിക മറന്നുവച്ചതും. 5 വർഷത്തിനു ശേഷം മെഡിക്കൽ കോളജിൽ വച്ചുതന്നെ കത്രിക പുറത്തെടുത്തു. പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല. തുടർന്ന് സമരം ആരംഭിച്ചശേഷമാണ് പൊലീസ് നാല് പേർക്കെതിരെ കേസെടുത്തത്. കത്രിക കുടുങ്ങിയതിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം ഹർഷിന ഇപ്പോളും ചികിത്സയിലാണ്.