മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ വിവാദ പ്രസ്താവന ഉൾപ്പെടുത്തിയതിന് പിന്നാലെ ഖേദ പ്രകടനവുമായി ദ ഹിന്ദു. അഭിമുഖത്തിലെ വിവാദമായ മലപ്പുറം പ്രസ്താവന നൽകിയത് പിആർ ഏജൻസി ആണെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഓൺലൈൻ പതിപ്പിലൂടെ ആയിരുന്നു ഹിന്ദു ഖേദ പ്രകടനം നടത്തിയത്.
കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്ന് അറിയിച്ച് സമീപിച്ചതെന്ന് ഹിന്ദു അറിയിച്ചു. പിണറായിയുടെ അഭിമുഖത്തിന് താഴെ നൽകിയിരിക്കുന്ന തിരുത്തിലൂടെയാണ് ഹിന്ദു ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ മുൻ വാർത്ത സമ്മേളനത്തിലേതാണെന്നും പിആർ ഏജൻസി അറിയിച്ചിരുന്നതായി ഹിന്ദു വ്യക്തമാക്കി.
പിആർ ഏജൻസി അറിയിച്ചത് അനുസരിച്ച് സെപ്റ്റംബർ 29ന് രാവിലെ 9ന് ആയിരുന്നു കേരള ഹൗസിൽ വച്ച് അഭിമുഖം എടുത്തത്. 30 മിനുട്ട് നീണ്ടുനിന്ന അഭിമുഖത്തിൽ പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പിന്നാലെ സ്വർണക്കടത്ത് ഹവാല വിഷയങ്ങൾ അഭിമുഖത്തിൽ ഉൾക്കൊള്ളിക്കണമെന്ന് പിആർ ഏജൻസി ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങൾ ഉൾപ്പെടുത്താൻ പിആർ ഏജൻസി ആവശ്യപ്പെട്ടത് രേഖാമൂലം ആയിരുന്നു. ഇത് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് വീഴ്ചയാണ്. സംഭവിക്കാൻ പാടില്ലായിരുന്നു. തെറ്റ് പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.