ഡോ. എം.എസ്. വല്യത്താൻ പ്രതിഭാശാലിയായ ഭിഷഗ്വരൻ,വിയോഗം ആരോഗ്യ വൈജ്ഞാനിക മേഖലക്ക് തീരാനഷ്ടം: അനുശോചിച്ച് പ്രതിപക്ഷ നേതാവ്

ഡോ. എം.എസ്. വല്യത്താന്റെ വിയോഗം രാജ്യത്തിന്റെ ആരോഗ്യ വൈജ്ഞാനിക മേഖലക്ക് തീരാനഷ്ടമാണ്. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
condoled-the-demise-of-dr-ms-valiathan

congress leader vd satheesan condoled the demise of dr ms valiathan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ് വല്യത്താന്റെ മരണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാന സ്ഥാപനമാക്കി വളർത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നു ഡോ. വല്യത്താൻ.അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന്റെ ആരോഗ്യ വൈജ്ഞാനിക മേഖലക്ക് തീരാനഷ്ടമാണെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്‌സിയുടെ ആദ്യ വി.സിയുമായിരുന്നു. വിദേശത്ത് നിന്നും വൻ തുകക്ക് എത്തിച്ചിരുന്ന കൃത്രിമ വാൽവുകൾ ഡോ വല്യത്താന്റെ നേതൃത്വത്തിൽ കുറഞ്ഞ ചെലവിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കാൻ സാധിച്ചത് കേരളത്തിലെയും ഇന്ത്യയിലെയും ആതുരസേവന രംഗത്തെ അധുനികവത്ക്കരണത്തിലേക്ക് നയിച്ചതിന്റെ തുടക്കമായിരുന്നു.

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാൽവ് ഒരു ലക്ഷത്തിലധികം രോഗികൾക്കാണ് പുതുജീവൻ പകർന്നത്. ഡോ. വല്യത്താന്റെ പരിശ്രമഫലമായാണ് രക്തബാഗുകൾ നിർമ്മിച്ച് വിതരണം ചെയ്യാനും ശ്രീചിത്രക്ക് സാധിച്ചത്. ഇരുപതു വർഷത്തെ പ്രവർത്തനം കൊണ്ട് ശ്രീചിത്രയെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റാൻ ഡോ. വല്യത്താന് സാധിച്ചു.

ഇന്ത്യയുടെ തനത് ചികിത്സാരീതിയായ ആയുർവേദത്തിന്റെ വളർച്ചയിലും ഡോ. വല്യത്താൻ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആയുർവേദ പൈതൃകത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങളും അതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും കാലാതീതമായ സമഗ്ര റഫറൻസുകളാണ്. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിക്കുന്നതിന്റെ സാധ്യതകൾ ശാസ്ത്രീയ അടിത്തറയോടെ വിശദീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ലോകത്തെ പ്രശസ്തമായ പല സർവകലാശാലകളും ആദരിച്ചിട്ടുള്ള ഡോ. വല്യത്താൻ കേരളത്തെയും മലയാളികളെ സംബന്ധിച്ചടുത്തോളം അഭിമാനത്തിന്റെ പ്രതീകമായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ആരോഗ്യ വിദഗ്ധൻ എന്നതിനേക്കാൾ നാടിന്റെ പൊതുവികസനത്തിന് വേണ്ടിയുള്ള ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. കോഴിക്കോട്ട് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആരംഭിക്കാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ മറക്കാനാകില്ല.ഡോ. എം.എസ്. വല്യത്താന്റെ വിയോഗം രാജ്യത്തിന്റെ ആരോഗ്യ വൈജ്ഞാനിക മേഖലക്ക് തീരാനഷ്ടമാണ്. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



 

 

death vd satheesan Dr MS Valiathan