തിരുവനന്തപുരം: കഴിഞ്ഞദിവസം കെഎസ്‌യു ക്യാമ്പിൽ നടന്ന കൂട്ടത്തല്ലിൽ അച്ചടക്ക നടപടി സ്വീകരിച്ച് ദേശീയ നേതൃത്വം. സംഭവത്തിൽ നാല് പേരെ സംഘടനയിൽ നിന്ന് എൻഎസ്‌യു സസ്‌പെൻഡ് ചെയ്തു.തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അൽ അമീൻ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട്, ദൃശ്യങ്ങൾ പുറത്ത് വിട്ട സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് ടിജോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.കെഎസ്‌യു ക്യാമ്പിലെ തമ്മിൽത്തല്ലിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നടപടി.
സംഭവത്തിൽ കെഎസ്‌യു നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായും കമ്മീഷൻ കണ്ടെത്തിയിരുന്നു. തമ്മിൽത്തല്ല് ഉണ്ടായെന്നും കമ്മീഷൻ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യു ഭാവി പരിപാടികളിൽ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ അച്ചടക്ക നടപടി.
നെയ്യാർ ഡാമിൽ നടന്ന മേഖലാ ക്യാമ്പിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. വാക്ക് തർക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘർഷത്തിന് കാരണം. ശനിയാഴ്ച്ച രാത്രിയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. നേതാക്കൾ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവർത്തകരല്ലാത്ത രണ്ടുപേർ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്.ഇടുക്കിയിൽ നടന്ന കെഎസ്‌യു നേതൃക്യാമ്പിൽ കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഘർഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയദിവസം മുതൽ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലർ ആരോപിച്ചു.