എം പോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയിലുള്ളത് 267 പേര്‍. ഏഴുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 37 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് പ്രതിരോധ മരുന്നു നല്‍കി. വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങള്‍ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് ഉറവിടം എന്നാണ് അനുമാനമെന്നും മന്ത്രി പറഞ്ഞു.
23 പേര്‍ എം പോക്‌സ് സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രോഗി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയില്‍ ഉള്ളത്.
രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കില്‍ വ്യാപനം കുറവാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതില്‍ ഇന്നോ നാളെ രാവിലെയോ റിസള്‍ട്ട് ലഭിക്കും.
എം പോക്‌സ് ഉറവിടം വിദേശത്ത് നിന്നാണ്. എം പോക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്‌സിന്റെയും കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മാസ്‌ക്ക് ധരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് നിപയും എംപോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. എംഎല്‍എമാര്‍ , മലപ്പുറം ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. എംപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.