സാലറി ചലഞ്ച്: 'സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല'

പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സർക്കുലർ ഇറക്കിയിരുന്നു.

author-image
Vishnupriya
New Update
kerala-government-announced-emergency-financial-assistance-to-wayanad-landslide-victims
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് സർക്കാർ. പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സർക്കുലർ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സർക്കാർ രം​ഗത്തെത്തിയത്.

അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ചുരുങ്ങിയത് പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്.

Wayand Landslide cmdrf