CMRDF: ഇതുവരെ ലഭിച്ച തുക വ്യക്തമാക്കി മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്‍റെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

author-image
Vishnupriya
New Update
wayanad-landslide-
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജൂലായ് 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുകയുടെ കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി. ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അന്ന് മുതൽ ചൊവ്വാഴ്ച(05.08.2024) വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

പോര്‍ട്ടല്‍ വഴിയും യു.പി.ഐ. വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സി.എം.ഡി.ആര്‍.എഫ്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ഓ​ഗസ്റ്റ് മുതല്‍ ലഭിച്ച തുകയും ജൂലായ് 30 മുതൽ ലഭിച്ച തുകയും കൂടാതെ, ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക്, ഡ്രാഫ്റ്റ്, നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.

വയനാട് ദുരന്തത്തിന്‍റെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണ്.

സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കുമെന്നാണ് പൊതുവിൽ ധാരണ. അതില്‍ കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാം. തവണകളായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തമാസം ഒരു ദിവസത്തേയും തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കി പങ്കാളികളാകാമെന്നും മുഖ്യമന്ത്രി വൈകുന്നേരത്തെ പത്ര സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

CM Pinarayi viajan cmdrf