കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്നും ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊച്ചിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതസ്പര്‍ധ ഉണ്ടാക്കുന്നതിനായി ബി.ജെ.പി. പറയുന്ന കാര്യങ്ങളാണ് പി.ആര്‍. ഏജന്‍സി എഴുതികൊടുത്തത്. മുഖ്യമന്ത്രി എഴുതി കൊടുപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളില്‍നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. സംഘപരിവാറിന്റെ അതേ പാതയിലാണ് പിണറായി. രാജ്യത്ത് മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
അപകടം മനസിലായപ്പോഴാണ് വീണിടത്തു കിടന്ന് ഉരുളുന്നത്. മുഖ്യമന്ത്രിയുടെ ഇമേജ് ബില്‍ഡിങ്ങിന് വേണ്ടിയാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം ദ ഹിന്ദു ദിനപത്രം ഇന്നലെ രാവിലെയാണ് പ്രസിദ്ധീകരിച്ചത്. പക്ഷേ മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത് ഇന്ന് ഉച്ചയ്ക്കാണ്. ഉച്ചവരെ എവിടെ ആയിരുന്നു എന്തുകൊണ്ട് ഇന്നലെ രാവിലെ തന്നെ പ്രതികരിച്ചില്ലെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് പി.ആര്‍. ഏജന്‍സിയുടെ ആവശ്യം എന്താണ്. ഈ വിദേശ പി.ആര്‍. ഏജന്‍സിയുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും ആരാണ് ബില്‍ പേ ചെയ്യുന്നതെന്നും അവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.