തിരുവനന്തപുരം: തകര്‍ന്ന വയനാട് ചൂരല്‍മല ഉരുൾപൊട്ടലിൽ മുഴുവന്‍ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി. വയനാട്ടിലെ പുനരധിവാസത്തിനുള്ള സ്ഥലം അന്തിമമായി തീരുമാനിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പറ്റ നഗരസഭയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവയാണ് നിലവില്‍ തീരുമാനിച്ച സ്ഥലങ്ങള്‍. ഈ രണ്ടിലും മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ രണ്ടാം ഘട്ടമായി മാറ്റും. ഇതിന്റെ കരട് പട്ടിക കലക്ടര്‍ പ്രസിദ്ധീകരിക്കും. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിലൊരാള്‍ നഷ്ടപ്പെട്ട എട്ട് കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാശിശു വികസന വകുപ്പാണ് തുക നല്‍കുകയെന്നും അദ്ദേഹം വിശദീകരിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത്തരമൊരു സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.