തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തീകരിക്കാൻ സാധിച്ചതിൽ കരാറുകാരായ അദാനി ഗ്രൂപ്പിനെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.കരാർ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് ഈയൊരു ദിവസത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിന്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സഹായിച്ച തുറമുഖത്തിന്റെ കരാറുകാരായ അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണിതെന്നും സ്വപ്ന സാക്ഷാത്കാരമാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോക ഭൂപടത്തിൽ ഇന്ത്യക്ക് സ്ഥാനം പിടിക്കാൻ വിഴിഞ്ഞത്തിലൂടെ സാധിച്ചു. ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്ത് തയ്യാറായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാനുള്ള ഇടമായി വിഴിഞ്ഞം മാറുന്നു. ട്രയൽ റൺ ആണെങ്കിലും തുറമുഖ ഓപ്പറേഷൻ ആരംഭിച്ചു.
വിഴിഞ്ഞം തുറമുഖം 17,000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവച്ചു. സമീപ രാജ്യങ്ങൾക്ക് കൂടി അഭിമാനമായ പദ്ധതിയാണിത്. വിഴിഞ്ഞം പോർട്ടുകളുടെ പോർട്ടായിരിക്കുന്നു. അഭിമാനക്കാനുള്ള വക ഇവിടെ അവസാനിക്കുന്നില്ല. ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നിർമാണത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ വിശാലമായ സൗകര്യമുള്ള തുറമുഖമായി വിഴിഞ്ഞം മാറും.
2028ൽ തുറമുഖത്തിന്റെ നിർമാണം പൂർണമായി പൂർത്തിയാകും. ഇതിനായുള്ള കരാർ ഒപ്പിടാൻ പോവുകയാണ്. ഇക്കാര്യത്തോട് അദാനി ഗ്രൂപ്പ് പൂർണമായും സഹകരിക്കാൻ തയ്യാറായെന്നതാണ് വസ്തുത. നിർമ്മാണ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് വിഴിഞ്ഞം പദ്ധതി ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോയത്. എല്ലാവിധത്തിലും സഹകരിച്ച കരൺ അദാനിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.