ഇത് കേന്ദ്രത്തിന്റെ രഹസ്യ അജണ്ട; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ മുഖ്യമന്ത്രി

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്' മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

author-image
Vishnupriya
New Update
cm pinarayi vijayan latest news
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്രസര്‍ക്കാരിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ബില്ലിന് പിന്നിലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്' മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ ബി.ജെ.പി. തയ്യാറല്ല എന്നുവേണം മനസ്സിലാക്കാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. 

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്‌നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കില്‍ ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേല്‍പ്പിക്കുന്നതും ജനാധിപത്യത്തെ തകര്‍ക്കും. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.' -അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും ഉന്നത വൃത്തങ്ങളില്‍നിന്ന് സൂചനകളുണ്ട്. കേന്ദ്രനീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

cm pinarayi vijayan one nation one election