കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാള്‍ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് കഴിയണം. സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയുന്നതും മാധ്യമങ്ങള്‍ക്കാണ്. പത്രപ്രവര്‍ത്തനം സേവനമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ഓരോ വാര്‍ത്തയേയും മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എത്രത്തോളം ആഴത്തിലാണ് സമീപിക്കുന്നതെന്ന് പരിശോധിക്കണം. വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നും വെറും കേട്ടെഴുത്ത് മാത്രമാക്കി പത്രപ്രവര്‍ത്തനം ചുരുങ്ങുന്നുണ്ടോ എന്നും വിലയിരുത്തണം. തങ്ങള്‍ വിമര്‍ശനാതീതരാണ് എന്ന ചിന്ത മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്നുണ്ടോ എന്നത് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചില വിമര്‍ശനങ്ങളെ വേട്ടയാടലുകളായി ചിത്രീകരിക്കാനുള്ള വ്യഗ്രതയുണ്ട്. എന്നാല്‍, യഥാര്‍ത്ഥ വേട്ടയാടലുകളെ കാണാതെ തിമിരം ബാധിച്ച രീതിയില്‍ ഇരിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ആരെ വിമര്‍ശിച്ചാലും തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നില്ല എന്നും ആരെ വേട്ടയാടിയാലും തങ്ങള്‍ വേട്ടയാടപ്പെടുന്നില്ല എന്നുമുള്ള സങ്കുചിതമായ നിലപാടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കൂപ്പുകുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.