തൊണ്ടവേദനയും പനിയും;അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി,വിമർശിച്ച് പ്രതിപക്ഷം

മുസ്ലീം ലീഗ് അംഗം എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത് യാദൃച്ഛികമാവാമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. രാവിലെ മുഖ്യമന്ത്രി സഭയിൽ എത്തി സംസാരിച്ചിരുന്നു.

author-image
Greeshma Rakesh
New Update
cm pinarayi vijayan kerala assembly adgp ajith kumar rss adjournment

cm pinarayi vijayan

തിരുവനന്തപുരം: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് നിയമസഭയിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കർ സഭയെ അറിയിച്ചു. മുസ്ലീം ലീഗ് അംഗം എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത് യാദൃച്ഛികമാവാമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. രാവിലെ മുഖ്യമന്ത്രി സഭയിൽ എത്തി സംസാരിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രമേയ അവതാരകൻ പറഞ്ഞു. മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് ഡൽഹിയിൽ പോയി മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും ഷംസൂദ്ദീൻ ചോദിച്ചു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ഡിജിപിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ റിപ്പോർട്ടിൽ എഡിജിപിക്കെതിരെ കൃത്യമായി പരാമർശിക്കുന്നുണ്ട്. ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ അന്വേഷണ റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസുഖത്തെ പരിഹസിച്ച പ്രമേയ അവതാരകന്റെ പരാമർശത്തിനെതിരെ സ്പീക്കർ രംഗത്തെത്തി. ആർക്കും അസുഖം വരാമല്ലോ, അത്തരം സംസാരം വേണ്ടെന്ന്് സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഡോക്ടർ സമ്പൂർണ വോയ്‌സ് റെസ്റ്റ് ആണ് പറഞ്ഞതെന്ന് സ്പീക്കർ അറിയിച്ചു.

 

cm pinarayi vijayan kerala assembly ADGP Ajith Kumar dgp- rss adjournment