രോഷാകുലനായ ശിവൻകുട്ടി  മുന്നോട്ടു നീങ്ങി;കയ്യിൽ പിടിച്ച് മുഖ്യമന്ത്രി, ഒഴിവായത് മറ്റൊരു 'നിയമസഭാ കയ്യാങ്കളി'!

പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിനരികിൽ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിച്ച ശിവൻകുട്ടിയെ മുഖ്യമന്ത്രി കയ്യിൽപിടിച്ചു പിന്നോട്ടു വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

author-image
Greeshma Rakesh
Updated On
New Update
cm pinarayi vijayan controls minister v sivankutty in assembly

cm pinarayi vijayan controls minister v sivankutty in assembly

തിരുവനന്തപുരം: നിയമസഭയിൽ  നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണരായി വിജയൻ.പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിനരികിൽ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിച്ച ശിവൻകുട്ടിയെ മുഖ്യമന്ത്രി കയ്യിൽപിടിച്ചു പിന്നോട്ടു വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുഖ്യമന്ത്രി കൈയ്യിൽ പിടിച്ചതിനു പിന്നാലെ ശാന്തനാകുന്ന ശിവൻകുട്ടി തന്റെ സീറ്റിലേക്ക് മടങ്ങി പോകുകയായിരുന്നു. 

സ്പീക്കർ എ എൻ ഷംസീറിന്റെ മുന്നിൽ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് അദ്ദേഹത്തെ തടഞ്ഞു. തുടർന്ന് കൂടുതൽ പ്രതിപക്ഷ എംഎൽഎമാർ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആൻഡ് വാർഡ് തടയുന്ന സ്ഥിതിയുണ്ടായി.ഇതിനിടെ സ്പീക്കർ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കയ്യിൽ പിടിച്ച് പിന്നോട്ടു വലിച്ചു.

മുഖ്യമന്ത്രി നൽകിയ സൂചന മനസിലാക്കിയ ശിവൻകുട്ടി തിരികെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തും പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ മുന്നിൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടർന്നു. ഇതോടെ ഭരണകക്ഷി അംഗങ്ങൾ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടിയെത്തി. പ്രതിഷേധം ശക്തമാകുന്നതിനിടെ സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു.

2015 മാർച്ച് 13ന് നടന്ന നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലും ശിവൻകുട്ടി പ്രതിയാണ്. അന്ന് ബാർ കോഴക്കേസിലെ പ്രതിയായ ധനകാര്യമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സഭയിൽ കയ്യാങ്കളി നടന്നത്.കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന്  പ്രഖ്യാപിച്ച് ഇടത് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചത്.  ആക്രമണത്തിലൂടെ സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പൊലീസ് കേസ്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പുറമെ, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, മുൻ എം എൽഎ മാരായ കെ. അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘർഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം സഭയിൽ ഉണ്ടായത്.

 

 

congress v sivankutty cm pinarayi vijayan kerala assembly