തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ തള്ളിയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും ശശിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പി ശശി തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പാണ്. ആരോപണങ്ങൾ ഉയർന്നെന്നു കരുതി നിയമനടപടി സ്വീകരിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
നിയമവിരുദ്ധമായി ഇവിടെ ഒന്നും നടക്കില്ല. അത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ആരും ഔദ്യോഗിക പദവിലുണ്ടാവില്ല. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും തെറ്റ് കണ്ടെത്തിയാൽ ആരും അവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അൻവർ ഉയർത്തിയ വിഷയങ്ങളിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. എന്നാൽ മുൻവിധിയോടെ നടപടി സ്വീകരിക്കില്ല. ഇത്തരം കാര്യങ്ങൾ അൻവർ, പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. അത് ചെയ്തില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പരിശോധിക്കാനല്ല ശശി ഇരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമല്ല അൻവറിനെന്നും അദ്ദേഹം വന്നത് കോൺഗ്രസിന്റെ വഴിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.