മുഖ്യമന്ത്രി ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല: എളമരം കരീം

മലപ്പുറത്തുകാരെ ആക്ഷേപിക്കുന്നു എന്നു പറയുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ദുരാരോപണം. മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ പാർട്ടിയാണ് സിപിഐഎം.

author-image
Anagha Rajeev
New Update
elamaram-kareem

പിആർ ആരോപണത്തിൽ പ്രതികരണവുമായി മുൻ രാജ്യസഭ എംപി എളമരം കരീം. മുഖ്യമന്ത്രി ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത് വെറും കുമിള പോലെയുള്ള പ്രചാരണമാണെന്നും എളമരം കരീം പറഞ്ഞു. ഹിന്ദു ദിനപത്രത്തിൽ വന്ന ഭാഗം മുഖ്യമന്ത്രി നിക്ഷേധിച്ചിട്ടും പ്രചരണം തുടരുകയാണ്. ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മലപ്പുറത്തുകാരെ ആക്ഷേപിക്കുന്നു എന്നു പറയുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ദുരാരോപണം. മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ പാർട്ടിയാണ് സിപിഐഎം. അന്ന് മാപ്പിള ജില്ല എന്ന് ആക്ഷേപിച്ചവരാണ് സംഘപരിവാർ സംഘടനകൾ. അതിനെയൊക്കെ നേരിട്ടാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. അങ്ങനെ ഒരു പാർട്ടി മലപ്പുറം ജില്ലയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ജില്ലയിൽ എന്നാൽ ഒരു പാർട്ടിയുടെയോ ഏതെങ്കിലും വിഭാഗത്തിന്റെ സ്വകാര്യ സ്വത്തല്ല. ഇഎംഎസ് ജനിച്ച നാടാണ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

അൻവർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ പറയുന്നതുപോലെ അത്ര എളുപ്പമല്ലെന്നും സിപിഐഎം വിട്ടുപോയ പലരും പാർട്ടികൾ ഉണ്ടാക്കിയിരുന്നു. അവരുടെയൊക്കെ ഗതി എന്തായി എന്ന് അറിയാമല്ലോയെന്നും എളമരം കരീം ചോദിച്ചു. സിപിഐഎമ്മിനെ തകർക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. 

സ്വർണക്കടത്ത് കസ്റ്റംസ് പിടിക്കേണ്ട ജോലിയല്ലേ എന്നാണ് അൻവർ ചോദിക്കുന്നത്. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കം ക്രമസമാധാന പ്രശ്‌നമായി സംഘങ്ങൾ തമ്മിൽ പലതവണ ഏറ്റുമുട്ടി. ഇത് മാധ്യമങ്ങൾ തന്നെ പലതവണ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഈ ഘട്ടത്തിലാണ് ഈ സംഘങ്ങൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചത്. സ്വർണക്കടത്ത് ഒരു ക്രമസമാധാന പ്രശ്‌നമായപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു

Elamaram Karim