കണ്ണൂർ: റോഡ് ഷോയിലും പ്രകടനത്തിലും വനിതാ ലീഗ് പ്രവർത്തകർ പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരിൽ ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിൻറെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകർ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിൻറെ ശബ്ദ സന്ദേശം പുറത്തുവന്നു.
കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരിൽ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതിൽ വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാൽ, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് സന്ദേശത്തിൽ ലീഗ് നേതാവ് പറയുന്നത്.കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടരി ഷാഹുൽ ഹമീദിൻറേതാണ് സന്ദേശം.
അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും വനിതാ ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നുമാണ് നിർദേശം. ആവേശതിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിതാ പ്രവർത്തകർ ആക്ഷേപം വരാതെ ജാഗ്രത പുലർത്തണമെന്നും മറ്റ് രാഷ്ട്രീയ പാർട്ടിയിലെ വനിതകൾ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നും നിർദേശിക്കുന്നുണ്ട്.
അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിർദേശമെന്നും ലീഗ് നേതാവ് പറയുന്നുണ്ട്. വോട്ടെണ്ണൽ ദിവസം പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർ നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിൻറെ വിവാദ നിർദേശത്തിൻറെ ഓഡിയോ പുറത്ത് വന്നത്.