New Update
00:00
/ 00:00
മാന്നാര്‍ കടലിടുക്കിന് സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്നതിനാല്‍ മഞ്ഞ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിലെ ചില സ്ഥലങ്ങളില്‍ 19 വരെ മഴയ്ക്കു സാധ്യതയുണ്ട്.
20 മുതല്‍ വരണ്ട കാലാവസ്ഥ തുടരും. 16, 17 തീയതികളില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെങ്കിലും കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഈ ദിവസങ്ങളില്‍ പകല്‍ താപനില.
കേരളത്തിലെ വേനല്‍മഴ അഞ്ചുവര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. മാര്‍ച്ച് 1 മുതലാണ് വേനല്‍മഴയുടെ തോത് രേഖപ്പെടുത്തി തുടങ്ങുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇതുവരെ സംസ്ഥാനത്താകെ ലഭിച്ചത് 1.8 മില്ലിമീറ്റര്‍ മഴയാണ്. സാധാരണയായി മാര്‍ച്ച് മാസങ്ങളില്‍ 22.8 മില്ലിമീറ്റര്‍ വേനല്‍മഴയാണ് ലഭിക്കാറുളളത്. 2020 മാര്‍ച്ച് 1 മുതല്‍ 21 വരെ 23.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2022-ല്‍ ഇത് 21.9 മില്ലിമീറ്ററായി കുറയുകയും തൊട്ടടുത്ത വര്‍ഷം 1.6 മില്ലിമീറ്ററെന്ന തോതിലേക്ക് കുത്തനെ ഇടിയുകയും ചെയ്തു. 2024-ല്‍ ഇത് 1.8 മില്ലിമീറ്റര്‍ എന്ന അളവിലുമെത്തിനില്‍ക്കുന്നു.
തെക്കന്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലവര്‍ഷം ഏറെ ലഭിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. എന്നാല്‍ വേനല്‍മഴ കൂടുതലായും തെക്കന്‍ കേരളത്തിലാണ് ലഭിക്കാറുള്ളത്. വേനല്‍മഴ കൂടുതലായും കിട്ടിയിരുന്ന പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ പോലും മാര്‍ച്ചില്‍ വേനല്‍മഴ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പത്തനംതിട്ട ജില്ലയിലാണ് മാര്‍ച്ചില്‍ സാധാരണയായി ഏറ്റവുമധികം മഴ കിട്ടാറുള്ളത്. മാര്‍ച്ചില്‍ 69 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതാണ് എന്നാല്‍ അതിന്റെ പകുതി പോലും മഴ ലഭിച്ചിട്ടില്ല.. കൊല്ലത്ത് മാര്‍ച്ച് മാസം ലഭിച്ചത് 55 മില്ലിമീറ്ററാണ്. കോട്ടയം ജില്ലയില്‍ 54.9 മില്ലിമീറ്റര്‍ മഴയും കിട്ടാറുണ്ട്. വടക്കന്‍ ജില്ലയായ കോഴിക്കോടില്‍ ഇതേമാസം 18 മില്ലിമീറ്ററാണ് സാധാരണയായി കിട്ടാറുള്ളത്. 14.5 മില്ലിമീറ്റര്‍ കണ്ണൂരിലും കാസര്‍കോട് 16 മില്ലിമീറ്ററുമാണ് സാധാരണ മാര്‍ച്ചില്‍ കിട്ടാറുള്ളത്.
ഏപ്രില്‍ മാസത്തില്‍ വേനല്‍മഴയുടെ വിഷയത്തില്‍ സ്ഥിതി മെച്ചപ്പെടാറുണ്ട്. ഇത്തവണയും ഏപ്രിലില്‍ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. ഈ പ്രതീക്ഷയിലാണ് നിലവില്‍ കാലാവസ്ഥാ വിദഗ്ധര്‍. 105 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്താകെസാധാരണയായി ഏപ്രില്‍ മാസമുണ്ടാകുക. മേയ് മാസത്തില്‍ 219 മില്ലിമീറ്റര്‍ എന്ന നിലയില്‍ ഈ തോതില്‍ വര്‍ധനവുണ്ടാകും. മണ്‍സൂണ്‍ അടുക്കുന്നതാണ് മഴയുടെ തോത് മേയ് മാസത്തില്‍ കൂടാനുള്ള കാരണം. എല്‍ നിനോ പ്രതിഭാസമുണ്ടാകുമ്പോള്‍ ചൂട് കൂടുതലായി അനുഭവപ്പെടും. നിലവില്‍ ചൂട് കൂടുന്നതിനുളള പ്രധാന കാരണങ്ങളിലൊന്നാണ് എല്‍ നിനോ. ഇതും വേനല്‍മഴയുടെ വരവിനെ ബാധിച്ചു.