കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങൾ എത്തിയിരുന്നതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പൊലീസ് പുറത്തുവിട്ടു. യുവ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസിനേയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.
അതേസമയം കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.